Friday, October 15, 2010

നിന്റെ ഓര്‍മ്മയ്ക്ക്‌



അഞ്ചു ദിവസമായി തിമിര്‍ത്താടി പെയ്യുന്ന നൂല്‍ മഴ . മഴമേഘം തന്റെ പക്കലുള്ള പളുങ്ക് മാലയുടെ പളുങ്കുമണികള്‍ ജപിച്ചു കൊണ്ടേ ഇരുന്നു ....

ജപിച്ചിട്ടും ജപിച്ചിട്ടും മതി വരാതെ ...

ഇനിയും കാത്തു നിന്നാല്‍ ശരിയാവില്ല .അവന്‍ തോള്‍ സഞ്ചിയുമെടുത്ത്‌ ഉമ്മറത്തേക്ക് ഇറങ്ങി. അവള്‍ ഓടി പോയി ഒരു വാഴയില മുറിച്ചു കൊണ്ട് വന്നു . അവന്‍ നടന്നു തുടങ്ങി ..അവള്‍ വാഴയില അവന്റെ തലയ്ക്കു മീതെ ചൂടി, കൂടെ നടന്നു .

"പെണ്ണേ , എന്റെ ഉള്ളില്‍ പെയ്യുന്ന തീ മഴയ്ക്ക് തടയിടാന്‍ എന്തുണ്ട് നിന്റെ കയ്യില്‍ ..?"

നടന്നു കൊണ്ട് ഒരു മന്ദഹാസത്തോടെ അവന്‍ ചോദിച്ചു

അവന്റെ മൂര്‍ച്ചയേറിയ വാക്കുകള്‍ക്ക് അവളുടെ കയ്യില്‍ മറുപടി ഒന്നുമില്ലായിരുന്നു....
എന്നും, എപ്പോഴും അങ്ങനെ ആയിരുന്നു .

തിമിര്‍ത്തു പെയ്യുന്ന മഴ പോലെ മൗനം അവര്‍ക്കിടയിലേക്ക് പെയ്തിറങ്ങി .അവളുടെ മനസ്സില്‍ പക്ഷെ ഓര്‍മ്മകളുടെ മഴവെള്ളപ്പാച്ചില്‍...


"സഖാവിന്റെ തൃപ്പാദങ്ങളിലെങ്കിലും എനിക്കൊരിടം നല്‍കിയാല്‍ മതി . എന്റെ ശ്വാസം നിലയ്ക്കും വരെ പരിഭവങ്ങളൊന്നുമില്ലാതെ ഞാന്‍ അവിടെ കഴിഞ്ഞോളാം ."

അവളുടെ മുറിഞ്ഞു പോകുന്ന വാക്കുകള്‍ ..

"പെണ്ണേ, നിനക്ക് വട്ടാ...നിന്റെ ഈ വട്ടിനു ഈ ഭൂഗോളത്തിലെ ചികിത്സ ഇല്ല.."

വീണ്ടും ഒരു മൃദു ഹാസത്തോടെ അവന്‍ പറഞ്ഞു

അവന്‍ അപൂര്‍വ്വമായെ സംസാരിക്കൂ .പക്ഷെ മൊഴിയുന്ന വാക്കുകള്‍ കല്ലില്‍ കൊത്തിവെച്ചത് പോലെയുള്ളവയാണ്.

അവളുടെ ഓര്‍മ്മകളുടെ ചുഴിയില്‍ അവന്റെ ഒരു വാചകം കൂടി പെട്ടു.

"എനിക്ക് ആത്മാവില്‍ നിന്ന് സംസാരിക്കുന്നതാണ് ഇഷ്ടം ."

ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടാത്ത അവരുടെ ഒരുമിച്ചുള്ള യാത്ര പുഴക്കടവില്‍ ചെന്ന് നിന്നു. അവിടെ ഒറ്റയ്ക്ക് ഗര്‍വ്വോടെ നില്‍ക്കുന്നു സര്‍പ്പഗന്ധി. അതിനു ചുവട്ടില്‍ തേജ്വസ്നിയായ ഒരു ദേവി വിഗ്രഹം . മഞ്ഞയുടെയും ചുവപ്പിന്റെയും അലങ്കാരങ്ങള്‍ ഇല്ലാതെ, ദേവി അതിസുന്ദരി തന്നെ. ആ മുഖത്തെ തേജസ്സ്‌ അവര്‍ണനീയം തന്നെ.അവള്‍ക്കു ആ ദേവി തോഴിയായിരുന്നു ..സര്‍പ്പഗന്ധി സദാ അവളുടെ തോഴിക്കു പുഷ്പാഭിഷേകം നടത്തി കൊണ്ടിരിന്നു.

വാഴയില നിറമുള്ള ബ്ലൗസും കാപ്പിപ്പാവാടയും നനഞ്ഞു കടും നിറമായി .അവന്റെ ചാര നിറമുള്ള ജുബ്ബ നഞ്ഞു കുതിര്‍ന്നു ശരീരത്തോട് ചേര്‍ന്ന് കിടന്നു ,ഒരു പ്രണയിനിയെ പോലെ. വെള്ളത്തുള്ളികള്‍ അവന്റെ കണ്ണാടിച്ചില്ലില്‍ ഇടം നേടിയിരുന്നു . അവന്‍ ആ വെള്ളത്തുള്ളികളെ തുടച്ച് നീക്കി വീണ്ടും കണ്ണട ധരിച്ചു. അവ്യക്തമാണെങ്കിലും അവളുടെ കണ്ണുകളിലെ സ്നേഹം അവന്‍ കണ്ടു. അവളുടെ ചുരുണ്ട മുടിയില്‍ പറ്റിയിരിക്കുന്ന പളുങ്കുമണികള്‍ കണ്ടു

 ആ സ്നേഹത്തില്‍ , ആ നീര്‍മണിത്തുള്ളികളുടെ ശോഭയില്‍ അവനൊരു നിമിഷം അലിഞ്ഞു നിന്നുപോയി .

വികാരാധീനനായി അവന്‍ " ഞാന്‍ മരിച്ചാല്‍ എന്റെ ആത്മാവ് എന്നും എപ്പോഴും നിന്നോട് കൂടെയുണ്ടാവും "

ആ വാക്കുകള്‍ പതിഞ്ഞത് അവളുടെ ആത്മാവിലായിരുന്നു. മഴയുടെയും മിഴികളുടെയും നീര്‍കണങ്ങള്‍ ഒന്നായി മാറിയ നിമിഷം.അവനെ കാത്തു ഓളങ്ങളുടെ നൃത്തത്തിനനുസരിച്ച് ആടുന്ന തോണി കിടപ്പുണ്ടായിരുന്നു .അവന്റെ മനസ്സില്‍ തീയൊന്നു ആളിക്കത്തി .

അവന്റെ മനസ്സില്‍ തീ കോരിയിടുന്നത് അവകാശ ലംഘനങ്ങളാണ്, അടിമത്തമാണ്‌. വിമോചനമാണ് അവന്റെ ലക്‌ഷ്യം. അതാണ്‌ ഈ ജന്മം അവന്റെ നിയോഗം. ഈ നൂല്‍മഴയിലും അവന്റെ ഹൃദയം ജ്വലിച്ചു കൊണ്ടിരുന്നു ..

അവന്‍ അവളില്‍ നിന്നു മുഖം തിരിച്ചു നടന്നു; തോണിയില്‍ കയറി ഇരുന്നു തുഴഞ്ഞു . ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാതെ. കുറച്ചു നിമിഷങ്ങള്‍ കൊണ്ട് അവനും തോണിയും മഴയാല്‍ മറയ്ക്കപ്പെട്ടു.

അവള്‍ തിരിഞ്ഞു നടന്നു .

"പെണ്ണേ, നീ സന്തോഷത്തോടെ ജീവിക്കുന്നത് വിദൂരതയില്‍ നിന്നു കണ്ടു ഞാന്‍ സന്തോഷിച്ചോളാം. എന്റെ നിയോഗം , എന്റെ ലക്‌ഷ്യം അത് വിമോചനമാണ് .അടിമത്തത്തില്‍ നിന്നുള്ള വിമോചനം ."

വീണ്ടും പല ചിന്തകളും ചുഴിയില്‍ പെട്ടു തിരിഞ്ഞു .

"എന്റെ സ്വപ്നം , സഖാവിന്റെ ലക്‌ഷ്യം സാക്ഷാത്കരിച്ചു കാണപ്പെടണം എന്നാണ് .സഖാവിന്റെ സ്വപ്നം ഇപ്പോള്‍ എന്റെതും കൂടെയാണ് "

മഴമേഘങ്ങള്‍ വീണ്ടും പതിനാറു ദിവസം കൂടെ ജപം തുടര്‍ന്നു. കുളവും തോടും പുഴയും കടലും ഒന്നാകുന്നത് വരെ.

                           
ചാറ്റല്‍ മഴയുള്ള ഒരു ദിവസം .സര്‍പ്പഗന്ധി ഇപ്പോള്‍ പഴയത് പോലെ പൂക്കാറില്ല. കാലം ഇപ്പോള്‍ അതില്‍ ജീവന്‍റെ നേരിയ തുടിപ്പ് മാത്രമേ അവശേഷിപ്പിച്ചിട്ടുള്ളൂ .

പ്രകൃതിയും കാലവും മരച്ചുവട്ടില്‍ കുടികൊള്ളുന്ന ദേവി ശില്പത്തിലും മാറ്റങ്ങള്‍ വരുത്തി . ദീപവും അലങ്കാരങ്ങളും ഇല്ലെങ്കിലും തേജസ്സിനൊരു കുറവുമില്ല. ഇന്നും ഏകാകിനിയായി ദേവി നിലകൊള്ളുന്നു .

വാഴയില നിറമുള്ള ബ്ലൗസുമിട്ടു, സര്‍പ്പഗന്ധിയെ ചാരി, ദേവിക്ക് അരികിലായി, വിദൂരതയിലേക്ക് കണ്ണുംനട്ട് ആകാംഷയോടെ നില്‍ക്കുന്നു അവള്‍ .സ്നേഹം തുളുമ്പുന്ന മിഴികള്‍ ..നീര്‍കണങ്ങള്‍ പറ്റിയിരിക്കുന്ന ചുരുണ്ട മുടിയിഴകള്‍ ..

" ഞാന്‍ മരിച്ചാല്‍ എന്റെ ആത്മാവ് എന്നും എപ്പോഴും നിന്നോട് കൂടെയുണ്ടാവും "
അവളുടെ മിഴികളും ആത്മാവും ഒരേ സ്വരത്തില്‍ മന്ത്രിച്ചു .

ആകാശത്തു ശോണിമ മറഞ്ഞു തുടങ്ങിയിരുന്നു . നിശ പ്രകൃതിയെ ആലിംഗനം ചെയ്യാന്‍ ഒരുങ്ങി നിന്നു .അവള്‍ തിരിഞ്ഞു നടന്നു ..

ഓടു മേഞ്ഞ മേല്‍കൂരയിന്‍ കിഴില്‍ അവള്‍ ഉറങ്ങാന്‍ കിടന്നു .ഓടിന്റെ വിടവിലുടെ ശീതനടിച്ചു കൊണ്ടേ ഇരുന്നു .നെറ്റിയില്‍ പതിക്കുന്ന കുളിര്‍മയുള്ള നീര്‍കണങ്ങള്‍, അവയിലൂടെ അവന്റെ ചുംബനത്തെ അവള്‍ അനുഭവിച്ചറിഞ്ഞു. പുറത്തു മഴയുടെ സംഗീതം. ആ താരാട്ടില്‍ അവള്‍ അവന്റെ സ്വരത്തെ ശ്രവിച്ചു. സൂര്യകിരങ്ങള്‍ അവളുടെ കണ്ണുകളെ തഴുകി ഉണര്‍ത്തിയപ്പോള്‍ അവള്‍ കണി കണ്ടുണര്‍ന്നത് അവനെ ആയിരുന്നു. മന്ദമാരുതന്‍ മുടിയിഴകളെ തഴുകുമ്പോള്‍ അവള്‍ അവന്‍റെ ശ്വാസത്തെ അടുത്തറിഞ്ഞു. മുറ്റത്തു വിരിയുന്ന പവിഴമല്ലി പൂക്കളില്‍, അവള്‍ അവന്റെ മന്ദഹാസത്തെ കണ്ടു. അവയെ നിലം തൊടാതെ അവള്‍ സംരക്ഷിച്ച് പൂജക്കെടുത്തു ..
സമുദ്രത്തിലെ നീലിമയില്‍ അവള്‍ അവന്റെ മിഴികളുടെ അഗാധതയെ തേടി ...അര്‍ത്ഥങ്ങളെ തേടി...പുഴക്കടവിലെ പഞ്ചാരപൂഴിയില്‍ അവള്‍ അവന്റെ കാലടികളെ തേടി നടന്നു. പുല്‍ക്കൊടിയില്‍ കനത്തു നില്‍ക്കുന്ന മഞ്ഞുതുള്ളിയെ കണ്ണില്‍ എഴുതി അവള്‍ അവന്റെ ഹൃദയത്തെ സ്പര്‍ശിക്കാന്‍ ശ്രമിച്ചു. അവള്‍ ഏഴു കടലും കടന്നു വരുന്ന താമര നൂലിനോട് അവനെ കുറിച്ച് ആരാഞ്ഞു ...
അവന്‍ ആത്മാവ് ഉള്ളവന്‍ ആണ് . അവന്‍ വരാതിരിക്കില്ല .
അവള്‍ അവന്റെ ആത്മാവ് കുടിക്കൊള്ളുന്ന ദേഹത്തെ തേടുകയാണ് ...

എല്ലാ ദിവസവും സന്ധ്യക്ക്‌ അവള്‍ ദേവിയോട് സല്ലപിക്കും .എന്നിട്ട് വിദൂരതയിലേക്ക് കണ്ണയച്ചു അങ്ങനെ നില്‍ക്കും ..ഇരുട്ടുന്നതു വരെ ..

അന്നും പതിവ് പോലെ അവള്‍ അവിടെ നിന്നു. ചാറ്റല്‍ മഴ കനത്തു തുടങ്ങി .മഴമേഘങ്ങള്‍ വീണ്ടും ജപിച്ചു തുടങ്ങി . അവ ഭൂമിയിലേക്ക്‌ പളുങ്ക് മണികള്‍ പൊഴിച്ച് കൊണ്ടിരുന്നു.അവള്‍ എന്നിട്ടും വിദൂരതയില്‍ കണ്ണും നട്ട് നില്പാണ്. അവളുടെ മുഖത്ത് ആശങ്ക .....

ആകാംഷ ...

സ്നേഹം ...

സന്തോഷം ...!!!

എല്ലാം മാറി മാറി മിന്നി . ഓളങ്ങളെ വകഞ്ഞു മാറ്റി ഒരു തോണി പുഴക്കടവിലേക്ക് ; അവളുടെ മുഖം കൂടുതല്‍ തെളിഞ്ഞു. കണ്ണാടിച്ചില്ലില്‍ ഇടം നേടിയ നീര്‍ത്തുള്ളികളില്‍ ഇപ്പോള്‍ അവള്‍ക്കു അവളെ തന്നെ കാണാം.


വര : ദിലീപ്
http://www.facebook.com/dileeptkpr

(എന്റെ സുഹൃത്ത് ദിലീപിന്റെ പ്രചോദനത്തില്‍ ഞാന്‍ എഴുതിയ എന്റെ ആദ്യ കഥ . ഇത് തികച്ചും ഒരു കാല്‍പനിക കഥയാണ്‌. ഇതിലെ കഥാപാത്രം രണ്ടാമത്തെ ചിത്രത്തില്‍ കാണുന്ന പെണ്‍ക്കുട്ടിയാണ് . കഥയുടെ പേരും ദിലീപിന്റെ സംഭാവന ആണ്. എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി..ദിലീപിന് പ്രത്യേകം നന്ദി .)

38 comments:

  1. ഞാന്‍ കണ്ട സ്നേഹയുടെ ചിത്രങ്ങളില്‍ എനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട ചിത്രം രണ്ടാമത്തേതാണ്.
    കഥയെക്കുറിച്ച് എനിക്ക് തോന്നിയത്‌ അവ്യക്തതയാണ് അല്ലെങ്കില്‍ അവളുടെ മനസ്സിലുള്ള കുറെ കാര്യങ്ങള്‍ സാഹിത്യന്റെ അതിപ്രസരം കലര്‍ത്തി അവതരിപ്പിച്ചിരിക്കുന്നു എന്നാണ്. എനിക്ക് തോന്നിയതാണ് ഞാന്‍ പറയുന്നത്. പ്രയാസം തോന്നരുത്‌. ഒന്നുകൂടി വ്യക്തത വര്ത്തുന്നത് വായിക്കുന്നവര്‍ക്ക് എളുപ്പം മനസ്സിലാകാന്‍ സഹായിക്കും. എഴുത്തിന്റെ ശൈലി മനോഹരമാണ്.
    ആശംസകള്‍.

    ReplyDelete
  2. രാംജി....ബ്ലോഗിലെ ആദ്യത്തെ കമന്റ്‌ താങ്കളുടെ വക ആയതില്‍ സന്തോഷം...
    എന്റെ സൃഷ്ടികളെ കുറിച്ച് താങ്കള്‍ക്ക് എന്ത് തോന്നുനുവോ...അത് സന്ത്യസന്ധമായി എന്നോട് പറയാം...ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു താങ്കളുടെ അഭിപ്രായത്തെ..
    പിന്നെ ആ ചിത്രം ഞാന്‍ വരച്ചതല്ല...എന്റെ സുഹൃത്ത് ദിലീപ് വരച്ചതാണ്..അതും ഭാവനയില്‍ നിന്ന് ..

    ദിലീപിന്റെ ആവശ്യപ്രകാരം ആണ് കഥ എഴുതിയത് ...ദിലീപ് ആഗ്രഹിച്ച പോലെ തന്നെ ഒരു അവ്യക്തത കൊണ്ട് വരാന്‍ എനിക്ക് സാധിച്ചു എന്ന് അറിഞ്ഞതില്‍ സന്തോഷം..
    he just want to confuse the readers..

    നന്ദി രാംജി ..

    ReplyDelete
  3. ചേച്ചി പറഞ്ഞപോലെ, ആ അവ്യക്തത ഞാനും അറിഞ്ഞു, എന്നാലും വായിക്കാൻ നല്ല രസം. അവസാനം അവൻ വന്നുവല്ലൊ, എനിക്കതുമതി.

    ReplyDelete
  4. കഥ നന്നായി പറഞ്ഞു, ചിത്രവും.

    ReplyDelete
  5. സ്നേഹ-- പര പ്രേരണയാല്‍ എഴുതിയ ആദ്യ കഥ വായിച്ചു .ആര്‍ക്കാനും വേണ്ടി ഓക്കാനിച്ചത് കൊണ്ടാവും അതിന്റെ ഒരു ദുര്‍ഗന്ധം ഈ രചനയ്ക്കുണ്ട് .സാഹിത്യം ഒരിക്കലും പര പ്രേരണയാല്‍ ഉണ്ടാവരുത് .അത് വെറും കൃതി ആയി മാറുകയെ ഉള്ളു .എഴുത്തുകാരന്റെ ആത്മാവ് ഉണ്ടാകില്ല .ഓര്‍ഡര്‍ ചെയ്തു പണിയിച്ച ഫര്‍ണിച്ചര്‍ പോലെ .ഭംഗി ഉണ്ടാവും പക്ഷെ കലാ സൃഷ്ടി ആകില്ല .
    ഈ കഥയിലെ നായകന്‍ ഒരു കപട വിപ്ലവകാരിയാണ് .അഥവാ കഥാകൃത്തിണോ സുഹൃത്തിനോ വിപ്ലവകാരികളെ കുറിച്ച് പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ അറിയില്ല .അത് കൊണ്ടാണ് മരിച്ചു കഴിഞ്ഞു ആത്മാവായി വരും എന്ന് പറയുന്നത് ..വിപ്ലവകാരികള്‍ (നമ്മുടെ നാട്ടില്‍ കംയുനിസ്ടുകള്‍ )ആത്മാവില്‍ വിശ്വസിക്കുന്നില്ല
    സഹോദരീ ..മറ്റൊന്ന് -ആദ്യ പാരഗ്രാഫിലെ മഴമേഘം പളുങ്ക് മണികള്‍ കൊണ്ട് നാമം ജപിക്കുന്നു -എന്നെഴുതിയത് മനോഹരമായി ..പക്ഷെ ഈ ജാപിക്കല്‍ പ്രയോഗം തുടര്‍ന്നും പല പാരകളില്‍ ആവര്‍ത്തിച്ചു കണ്ടപ്പോള്‍ വിരസമായി .ഒതുക്കി എഴുതാന്‍ ശ്രമിക്കുക ..
    വിമര്‍ശനങ്ങള്‍ സഹിഷ്ണുതയോടെ സ്വീകരിക്കുമല്ലോ ,പുകഴ്ത്തി ചീത്തയക്കുന്നതിനു പകരം തോന്നിയത് പറഞ്ഞെന്നെ ഉള്ളു :)

    ReplyDelete
  6. രമേശ്‌ അരൂര്‍
    ആ സുഹൃത്ത്‌ എനിക്ക് പ്രചോദനം നല്ക്കുകയാണ് ചെയ്തത്..പ്രേരണ അല്ല...കഥ എങ്ങനെ ആയിരിക്കണം എന്ന് ഞാന്‍ തന്നെയാ തീരുമാനിച്ചേ...ആ പടത്തിലെ പെണ്‍കുട്ടി യെ ഞാന്‍ കുറെ നാള്‍ മനസ്സില്‍ കൊണ്ട് നടന്നു...അവളുടെ കണ്ണുകളിലേക്കു ഞാന്‍ നോക്കി ഇരുന്നു...അവള്‍ എന്നോട് അവളെ കുറിച്ച് പലതും പറഞ്ഞു...അത് ഞാന്‍ എഴുതി...എല്ലാ കമ്മ്യൂണിസ്റ്റ്‌ ക്കാരും വിപ്ലവകാരികള്‍ ആവാം..പക്ഷെ എല്ലാ വിപ്ലവകാരികളും കമ്മ്യൂണിസ്റ്റ്‌ കാരവില്ല..
    എന്റെ കാഴ്ചപാടില്‍ ഇതൊരു യുവത്വത്തിന്റെ ഉള്ളിലും ഒരു വിപ്ലവകാരിയുണ്ട്...അയാള്‍ രാഷ്ട്രീയക്കാരനല്ല...കേരളത്തിലെയോ ബംഗാളിന്റെ യോ പുത്രന്‍ അല്ല എന്റെ കഥയിലെ നായകന്‍...അയാള്‍ മനുഷ്യത്വം ഉള്ളവന്‍ ആണ്...ദയ ഉള്ളവന്‍ ആണ്...പ്രതികരണ ശേഷി ഉള്ള ഒരു പച്ച മനുഷ്യന്‍ ആണ്..
    പളുങ്ക് മണി പൊഴിയും പോലെ പെയ്യുന്ന മഴ ...അത് ഈ കഥയിലെ ഒരു കഥാപാത്രം ആണ്...
    അതിനു ആദ്യം മുതല്‍ അവസാനം വരെ ഒരേ സ്വഭാവം ആണ്...
    വിമര്‍ശനങ്ങള്‍ക്ക് നന്ദി...

    ReplyDelete
  7. എഴുത്തിന് നല്ല ശക്തി ഉണ്ട്. പക്ഷെ ചില വാക്കുകളുടെ അമിതോപയോഗം പലയിടത്തും രസം കൊല്ലിയായി എന്ന് പറയാതെ വയ്യ. ചിത്രങ്ങളും ഗംഭീരം.!

    ReplyDelete
  8. നന്ദി ....ആളാവന്‍തന്‍ ....അഭിപ്രായം വിലക്കെടുതീരിക്കുന്നു ....ഇനി ശ്രദ്ധിക്കാം...വാക്കുകളുടെ പ്രയോഗം..!

    ReplyDelete
  9. ചിത്രങ്ങളും എഴുത്തും വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  10. sahithyam ennum eppozum vayanakkarante manasinu ethengilum vidhathil alattikondirikunnathayirikkanam........
    avyakthathayanu athinte kathal....!!! vayanakarante manasinu vyakyanikan kazihyunna othiri vazithirivukal athinundayirunnal nallath.... athu snehayude kadhakund....!!!!!!
    Bhavukangal......!!!!!

    ReplyDelete
  11. പ്രകൃതി സ്നേഹിക്കു വയനാട്ടിലേക്ക്
    സ്വാഗതം ..ദിലീപിന് ആശംസകള്‍ ........

    ReplyDelete
  12. അജീഷ് ,ജയരാജ്‌ ,തെച്ചിക്കോടന്‍,കുമാരന്‍, സിന്ധു ....
    എല്ലാവര്‍ക്കും നന്ദി...
    അനസ് ...ഞാന്‍ ആ വഴിക്ക് വന്നിട്ടുണ്ട് ...ഇനിയും വരുന്നതായിരിക്കും ...ഇവിടെ വന്നതില്‍ സന്തോഷം..

    ReplyDelete
  13. Ente ormaklkkum...!

    Manoharam, Ashamsakal...!!!

    ReplyDelete
  14. ഡയറി താളിലെ ജീവന്‍ തുടിക്കുന്ന ചിത്രത്തിന്റെ സൃഷ്ടാവിന് അഭിനന്ദനങ്ങള്‍ ............

    ReplyDelete
  15. SURESH KUMAR
    നന്ദി ...
    KEERANALLOORKARAN
    അഭിനന്ദനങ്ങള്‍ ഞാന്‍ അറിയിച്ചിട്ടുണ്ട് ...
    നിമ്മി
    ഇവിടെ വന്നതില്‍ സന്തോഷം..

    ReplyDelete
  16. സ്നേഹ.. കഥ മനോഹരമായിരിക്കുന്നു. പലയിടത്തും നല്ല ക്രാഫ്റ്റ് കാണാന്‍ കഴിഞ്ഞു. ചിലയിടങ്ങളില്‍ കൈവിട്ട് പോകുകയും ചെയ്തു.. ദിലീപിന്റെ ചിത്രം കഥക്ക് കൂടുതല്‍ ഉള്‍ക്കരുത്ത് നല്‍കുന്നുണ്ട്.. ഇനിയും എഴുതുക.. ഒരു കഥാകാരി ജനിക്കട്ടെ.. ഇത് ആദ്യകഥയെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല..

    ReplyDelete
  17. മനോരാജ്...
    ഒരുപാട് നന്ദി..."ഇത് ആദ്യകഥയെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല"...എന്നത് ഞാന്‍ ഒരു അംഗീകാരമായി കാണുന്നു ..പിന്നെ കുറവുകള്‍ നികത്താന്‍ ശ്രമിക്കാം. ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപെടുത്തുന്നു .

    തൊമ്മി
    സന്തോഷം .

    ReplyDelete
  18. കഥാകാരിക്കും ദിലീപിനും ആശംസകള്‍ .
    കറുത്ത ബാക്ക്ഗ്രൌണ്ടില്‍ വെളുത്ത അക്ഷരങ്ങള്‍ കണ്ണിന് അയാസമുണ്ടാക്കുന്നോ എന്നൊരു തോന്നല്‍.
    പുതിയ പോസ്ടിണ്ടുമ്പോള്‍ മെയില്‍ അയച്ചാല്‍ നല്ലത്.

    ReplyDelete
  19. സ്നേഹ ...കഥ നന്നായിട്ടുണ്ട് ...

    ReplyDelete
  20. കുറെ നാളുകൾക്ക് ശേഷമാണു ഇവിടെ വരുന്നത്.കഥയെപ്പറ്റിയുള്ള അഭിപ്രായം പലരും പറഞ്ഞ് കഴിഞ്ഞിരിക്കുന്നു.സാഹിത്യത്തിനു വേണ്ടി കഥ എഴുതാതെ കഥയ്ക്ക് ആവശ്യമായ സാഹിത്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

    "എല്ലാ കമ്മ്യൂണിസ്റ്റ്‌ ക്കാരും വിപ്ലവകാരികള്‍ ആവാം..പക്ഷെ എല്ലാ വിപ്ലവകാരികളും കമ്മ്യൂണിസ്റ്റ്‌ കാരവില്ല.."
    ഈ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നില്ല.

    ReplyDelete
  21. ഉള്ളടക്കവും ക്രാഫ്റ്റും നല്ല കെട്ടുറപ്പുള്ളതായിരുന്നു. എന്നാല്‍ കഥ പറയുന്ന ശൈലിയില്‍ ഒരു വ്യത്യസ്തതയാകാമായിരുന്നു. പക്ഷെ ഇത് സ്നേഹയുടെ ആദ്യത്തെ കഥയാണ്‌ എന്നൊരിക്കലും തോന്നുകയില്ല.
    ഭാവുകങ്ങങ്ങള്‍....!

    ReplyDelete
  22. Aahaa, aadya kadhayithu madhuramenkil, iniyo..?

    Nannavatte...

    ReplyDelete
  23. ഇസ്മായില്‍ ..
    വന്നതില്‍ സന്തോഷം...അടുത്ത പോസ്റ്റ്‌ ഇടുമ്പോള്‍ മെയില്‍ അയക്കാം ..പിന്നെ ഫോണ്ട് ന്റെ കാര്യം ...നോക്കാം..
    ഒറ്റയാന്‍
    നന്ദി...സന്തോഷം..
    അനിയന്‍
    കുറെ നാളുകള്‍ക്കു ശേഷം ആണെങ്കിലും വന്നുവല്ലോ ...സന്തോഷം..പിന്നെ സാഹിത്യം കുറച്ചു കുടി പോയി അല്ലെ...അടുത്ത പ്രാവശ്യം ശ്രദ്ധിക്കാം..
    ഷിലിന്‍
    നന്ദി...അടുത്ത പ്രാവശ്യം നന്നാക്കാം ...അഭിപ്രായങ്ങള്‍ക്ക് നന്ദി...വന്നതില്‍ സന്തോഷം ..
    നൗഷാദ്..
    വന്നതിനും ആശംസകള്‍ക്കും നന്ദി....
    ജയരാജ്‌
    നന്ദി.....സന്തോഷം വീണ്ടും വന്നതില്‍..

    ReplyDelete
  24. വളരെ ഇഷ്ടപ്പെട്ടു...

    ReplyDelete
  25. ennanu onnu vayikkan time kittiyathu.ee Saudi Arabiayil oru mazhayude sugam thannathinu nandhi.......

    ReplyDelete
  26. Sneha, Loved it. As a first story, excellent! Please do keep writing.

    ReplyDelete
  27. കഥ വായിച്ചു... നന്നായിരിക്കുന്നു... ചിത്രം നന്നായി വരയ്ക്കുന്ന താങ്കള്‍ക്ക് ചിത്രീകരണവും സ്വയം ആവാമല്ലോ... അഭിനന്ദനങ്ങള്‍

    ReplyDelete
  28. ജിഷാദ്....നന്ദി..
    അശ്വതി ............എന്റെ കഥ വായിച്ചതില്‍ സന്തോഷം
    ദിലീപ് ...സമയം ഉണ്ടാക്കി വായിച്ചതില്‍ സന്തോഷം..
    ajith ..thanks a lot...
    thalayambalath... ഞാന്‍ ആ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് കഥ എഴുതിയത് .വന്നതില്‍ സന്തോഷം..

    ReplyDelete
  29. നന്നായിട്ടുണ്ട് കഥ. അഭിനന്ദനങ്ങൾ.

    ReplyDelete
  30. moideen ...വന്നതിലും നല്ല വാക്ക് പറഞ്ഞതിലും സന്തോഷം..

    ReplyDelete
  31. സ്നേഹ , നല്ല കഥ.... മനസ്സില്‍ തട്ടുന്ന വരികള്‍ ...
    ഇനിയും എഴുത്ത് ...

    വരകളും നന്നായിട്ടുണ്ട്

    ReplyDelete
  32. നന്നായിരിക്കുന്നു, ഇനിയും എഴുതുക.. അഭിനന്ദനങ്ങള്‍...!

    ReplyDelete
  33. വിമോചനം ആശിക്കുന്ന അവന്റെ മനസ്സിനോ ഭ്രാന്ത് ...സ്നേഹം മാത്രം കൊതിക്കുന്ന അവളുടെ മനസ്സിനോ ??

    ReplyDelete
  34. seena, sushil, akhil.....vannathilum abhiprayam paranjathilum santhosham....
    sneham thanne oru brandhaanu akhil..

    ReplyDelete