Friday, 15 October, 2010

നിന്റെ ഓര്‍മ്മയ്ക്ക്‌അഞ്ചു ദിവസമായി തിമിര്‍ത്താടി പെയ്യുന്ന നൂല്‍ മഴ . മഴമേഘം തന്റെ പക്കലുള്ള പളുങ്ക് മാലയുടെ പളുങ്കുമണികള്‍ ജപിച്ചു കൊണ്ടേ ഇരുന്നു ....

ജപിച്ചിട്ടും ജപിച്ചിട്ടും മതി വരാതെ ...

ഇനിയും കാത്തു നിന്നാല്‍ ശരിയാവില്ല .അവന്‍ തോള്‍ സഞ്ചിയുമെടുത്ത്‌ ഉമ്മറത്തേക്ക് ഇറങ്ങി. അവള്‍ ഓടി പോയി ഒരു വാഴയില മുറിച്ചു കൊണ്ട് വന്നു . അവന്‍ നടന്നു തുടങ്ങി ..അവള്‍ വാഴയില അവന്റെ തലയ്ക്കു മീതെ ചൂടി, കൂടെ നടന്നു .

"പെണ്ണേ , എന്റെ ഉള്ളില്‍ പെയ്യുന്ന തീ മഴയ്ക്ക് തടയിടാന്‍ എന്തുണ്ട് നിന്റെ കയ്യില്‍ ..?"

നടന്നു കൊണ്ട് ഒരു മന്ദഹാസത്തോടെ അവന്‍ ചോദിച്ചു

അവന്റെ മൂര്‍ച്ചയേറിയ വാക്കുകള്‍ക്ക് അവളുടെ കയ്യില്‍ മറുപടി ഒന്നുമില്ലായിരുന്നു....
എന്നും, എപ്പോഴും അങ്ങനെ ആയിരുന്നു .

തിമിര്‍ത്തു പെയ്യുന്ന മഴ പോലെ മൗനം അവര്‍ക്കിടയിലേക്ക് പെയ്തിറങ്ങി .അവളുടെ മനസ്സില്‍ പക്ഷെ ഓര്‍മ്മകളുടെ മഴവെള്ളപ്പാച്ചില്‍...


"സഖാവിന്റെ തൃപ്പാദങ്ങളിലെങ്കിലും എനിക്കൊരിടം നല്‍കിയാല്‍ മതി . എന്റെ ശ്വാസം നിലയ്ക്കും വരെ പരിഭവങ്ങളൊന്നുമില്ലാതെ ഞാന്‍ അവിടെ കഴിഞ്ഞോളാം ."

അവളുടെ മുറിഞ്ഞു പോകുന്ന വാക്കുകള്‍ ..

"പെണ്ണേ, നിനക്ക് വട്ടാ...നിന്റെ ഈ വട്ടിനു ഈ ഭൂഗോളത്തിലെ ചികിത്സ ഇല്ല.."

വീണ്ടും ഒരു മൃദു ഹാസത്തോടെ അവന്‍ പറഞ്ഞു

അവന്‍ അപൂര്‍വ്വമായെ സംസാരിക്കൂ .പക്ഷെ മൊഴിയുന്ന വാക്കുകള്‍ കല്ലില്‍ കൊത്തിവെച്ചത് പോലെയുള്ളവയാണ്.

അവളുടെ ഓര്‍മ്മകളുടെ ചുഴിയില്‍ അവന്റെ ഒരു വാചകം കൂടി പെട്ടു.

"എനിക്ക് ആത്മാവില്‍ നിന്ന് സംസാരിക്കുന്നതാണ് ഇഷ്ടം ."

ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടാത്ത അവരുടെ ഒരുമിച്ചുള്ള യാത്ര പുഴക്കടവില്‍ ചെന്ന് നിന്നു. അവിടെ ഒറ്റയ്ക്ക് ഗര്‍വ്വോടെ നില്‍ക്കുന്നു സര്‍പ്പഗന്ധി. അതിനു ചുവട്ടില്‍ തേജ്വസ്നിയായ ഒരു ദേവി വിഗ്രഹം . മഞ്ഞയുടെയും ചുവപ്പിന്റെയും അലങ്കാരങ്ങള്‍ ഇല്ലാതെ, ദേവി അതിസുന്ദരി തന്നെ. ആ മുഖത്തെ തേജസ്സ്‌ അവര്‍ണനീയം തന്നെ.അവള്‍ക്കു ആ ദേവി തോഴിയായിരുന്നു ..സര്‍പ്പഗന്ധി സദാ അവളുടെ തോഴിക്കു പുഷ്പാഭിഷേകം നടത്തി കൊണ്ടിരിന്നു.

വാഴയില നിറമുള്ള ബ്ലൗസും കാപ്പിപ്പാവാടയും നനഞ്ഞു കടും നിറമായി .അവന്റെ ചാര നിറമുള്ള ജുബ്ബ നഞ്ഞു കുതിര്‍ന്നു ശരീരത്തോട് ചേര്‍ന്ന് കിടന്നു ,ഒരു പ്രണയിനിയെ പോലെ. വെള്ളത്തുള്ളികള്‍ അവന്റെ കണ്ണാടിച്ചില്ലില്‍ ഇടം നേടിയിരുന്നു . അവന്‍ ആ വെള്ളത്തുള്ളികളെ തുടച്ച് നീക്കി വീണ്ടും കണ്ണട ധരിച്ചു. അവ്യക്തമാണെങ്കിലും അവളുടെ കണ്ണുകളിലെ സ്നേഹം അവന്‍ കണ്ടു. അവളുടെ ചുരുണ്ട മുടിയില്‍ പറ്റിയിരിക്കുന്ന പളുങ്കുമണികള്‍ കണ്ടു

 ആ സ്നേഹത്തില്‍ , ആ നീര്‍മണിത്തുള്ളികളുടെ ശോഭയില്‍ അവനൊരു നിമിഷം അലിഞ്ഞു നിന്നുപോയി .

വികാരാധീനനായി അവന്‍ " ഞാന്‍ മരിച്ചാല്‍ എന്റെ ആത്മാവ് എന്നും എപ്പോഴും നിന്നോട് കൂടെയുണ്ടാവും "

ആ വാക്കുകള്‍ പതിഞ്ഞത് അവളുടെ ആത്മാവിലായിരുന്നു. മഴയുടെയും മിഴികളുടെയും നീര്‍കണങ്ങള്‍ ഒന്നായി മാറിയ നിമിഷം.അവനെ കാത്തു ഓളങ്ങളുടെ നൃത്തത്തിനനുസരിച്ച് ആടുന്ന തോണി കിടപ്പുണ്ടായിരുന്നു .അവന്റെ മനസ്സില്‍ തീയൊന്നു ആളിക്കത്തി .

അവന്റെ മനസ്സില്‍ തീ കോരിയിടുന്നത് അവകാശ ലംഘനങ്ങളാണ്, അടിമത്തമാണ്‌. വിമോചനമാണ് അവന്റെ ലക്‌ഷ്യം. അതാണ്‌ ഈ ജന്മം അവന്റെ നിയോഗം. ഈ നൂല്‍മഴയിലും അവന്റെ ഹൃദയം ജ്വലിച്ചു കൊണ്ടിരുന്നു ..

അവന്‍ അവളില്‍ നിന്നു മുഖം തിരിച്ചു നടന്നു; തോണിയില്‍ കയറി ഇരുന്നു തുഴഞ്ഞു . ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാതെ. കുറച്ചു നിമിഷങ്ങള്‍ കൊണ്ട് അവനും തോണിയും മഴയാല്‍ മറയ്ക്കപ്പെട്ടു.

അവള്‍ തിരിഞ്ഞു നടന്നു .

"പെണ്ണേ, നീ സന്തോഷത്തോടെ ജീവിക്കുന്നത് വിദൂരതയില്‍ നിന്നു കണ്ടു ഞാന്‍ സന്തോഷിച്ചോളാം. എന്റെ നിയോഗം , എന്റെ ലക്‌ഷ്യം അത് വിമോചനമാണ് .അടിമത്തത്തില്‍ നിന്നുള്ള വിമോചനം ."

വീണ്ടും പല ചിന്തകളും ചുഴിയില്‍ പെട്ടു തിരിഞ്ഞു .

"എന്റെ സ്വപ്നം , സഖാവിന്റെ ലക്‌ഷ്യം സാക്ഷാത്കരിച്ചു കാണപ്പെടണം എന്നാണ് .സഖാവിന്റെ സ്വപ്നം ഇപ്പോള്‍ എന്റെതും കൂടെയാണ് "

മഴമേഘങ്ങള്‍ വീണ്ടും പതിനാറു ദിവസം കൂടെ ജപം തുടര്‍ന്നു. കുളവും തോടും പുഴയും കടലും ഒന്നാകുന്നത് വരെ.

                           
ചാറ്റല്‍ മഴയുള്ള ഒരു ദിവസം .സര്‍പ്പഗന്ധി ഇപ്പോള്‍ പഴയത് പോലെ പൂക്കാറില്ല. കാലം ഇപ്പോള്‍ അതില്‍ ജീവന്‍റെ നേരിയ തുടിപ്പ് മാത്രമേ അവശേഷിപ്പിച്ചിട്ടുള്ളൂ .

പ്രകൃതിയും കാലവും മരച്ചുവട്ടില്‍ കുടികൊള്ളുന്ന ദേവി ശില്പത്തിലും മാറ്റങ്ങള്‍ വരുത്തി . ദീപവും അലങ്കാരങ്ങളും ഇല്ലെങ്കിലും തേജസ്സിനൊരു കുറവുമില്ല. ഇന്നും ഏകാകിനിയായി ദേവി നിലകൊള്ളുന്നു .

വാഴയില നിറമുള്ള ബ്ലൗസുമിട്ടു, സര്‍പ്പഗന്ധിയെ ചാരി, ദേവിക്ക് അരികിലായി, വിദൂരതയിലേക്ക് കണ്ണുംനട്ട് ആകാംഷയോടെ നില്‍ക്കുന്നു അവള്‍ .സ്നേഹം തുളുമ്പുന്ന മിഴികള്‍ ..നീര്‍കണങ്ങള്‍ പറ്റിയിരിക്കുന്ന ചുരുണ്ട മുടിയിഴകള്‍ ..

" ഞാന്‍ മരിച്ചാല്‍ എന്റെ ആത്മാവ് എന്നും എപ്പോഴും നിന്നോട് കൂടെയുണ്ടാവും "
അവളുടെ മിഴികളും ആത്മാവും ഒരേ സ്വരത്തില്‍ മന്ത്രിച്ചു .

ആകാശത്തു ശോണിമ മറഞ്ഞു തുടങ്ങിയിരുന്നു . നിശ പ്രകൃതിയെ ആലിംഗനം ചെയ്യാന്‍ ഒരുങ്ങി നിന്നു .അവള്‍ തിരിഞ്ഞു നടന്നു ..

ഓടു മേഞ്ഞ മേല്‍കൂരയിന്‍ കിഴില്‍ അവള്‍ ഉറങ്ങാന്‍ കിടന്നു .ഓടിന്റെ വിടവിലുടെ ശീതനടിച്ചു കൊണ്ടേ ഇരുന്നു .നെറ്റിയില്‍ പതിക്കുന്ന കുളിര്‍മയുള്ള നീര്‍കണങ്ങള്‍, അവയിലൂടെ അവന്റെ ചുംബനത്തെ അവള്‍ അനുഭവിച്ചറിഞ്ഞു. പുറത്തു മഴയുടെ സംഗീതം. ആ താരാട്ടില്‍ അവള്‍ അവന്റെ സ്വരത്തെ ശ്രവിച്ചു. സൂര്യകിരങ്ങള്‍ അവളുടെ കണ്ണുകളെ തഴുകി ഉണര്‍ത്തിയപ്പോള്‍ അവള്‍ കണി കണ്ടുണര്‍ന്നത് അവനെ ആയിരുന്നു. മന്ദമാരുതന്‍ മുടിയിഴകളെ തഴുകുമ്പോള്‍ അവള്‍ അവന്‍റെ ശ്വാസത്തെ അടുത്തറിഞ്ഞു. മുറ്റത്തു വിരിയുന്ന പവിഴമല്ലി പൂക്കളില്‍, അവള്‍ അവന്റെ മന്ദഹാസത്തെ കണ്ടു. അവയെ നിലം തൊടാതെ അവള്‍ സംരക്ഷിച്ച് പൂജക്കെടുത്തു ..
സമുദ്രത്തിലെ നീലിമയില്‍ അവള്‍ അവന്റെ മിഴികളുടെ അഗാധതയെ തേടി ...അര്‍ത്ഥങ്ങളെ തേടി...പുഴക്കടവിലെ പഞ്ചാരപൂഴിയില്‍ അവള്‍ അവന്റെ കാലടികളെ തേടി നടന്നു. പുല്‍ക്കൊടിയില്‍ കനത്തു നില്‍ക്കുന്ന മഞ്ഞുതുള്ളിയെ കണ്ണില്‍ എഴുതി അവള്‍ അവന്റെ ഹൃദയത്തെ സ്പര്‍ശിക്കാന്‍ ശ്രമിച്ചു. അവള്‍ ഏഴു കടലും കടന്നു വരുന്ന താമര നൂലിനോട് അവനെ കുറിച്ച് ആരാഞ്ഞു ...
അവന്‍ ആത്മാവ് ഉള്ളവന്‍ ആണ് . അവന്‍ വരാതിരിക്കില്ല .
അവള്‍ അവന്റെ ആത്മാവ് കുടിക്കൊള്ളുന്ന ദേഹത്തെ തേടുകയാണ് ...

എല്ലാ ദിവസവും സന്ധ്യക്ക്‌ അവള്‍ ദേവിയോട് സല്ലപിക്കും .എന്നിട്ട് വിദൂരതയിലേക്ക് കണ്ണയച്ചു അങ്ങനെ നില്‍ക്കും ..ഇരുട്ടുന്നതു വരെ ..

അന്നും പതിവ് പോലെ അവള്‍ അവിടെ നിന്നു. ചാറ്റല്‍ മഴ കനത്തു തുടങ്ങി .മഴമേഘങ്ങള്‍ വീണ്ടും ജപിച്ചു തുടങ്ങി . അവ ഭൂമിയിലേക്ക്‌ പളുങ്ക് മണികള്‍ പൊഴിച്ച് കൊണ്ടിരുന്നു.അവള്‍ എന്നിട്ടും വിദൂരതയില്‍ കണ്ണും നട്ട് നില്പാണ്. അവളുടെ മുഖത്ത് ആശങ്ക .....

ആകാംഷ ...

സ്നേഹം ...

സന്തോഷം ...!!!

എല്ലാം മാറി മാറി മിന്നി . ഓളങ്ങളെ വകഞ്ഞു മാറ്റി ഒരു തോണി പുഴക്കടവിലേക്ക് ; അവളുടെ മുഖം കൂടുതല്‍ തെളിഞ്ഞു. കണ്ണാടിച്ചില്ലില്‍ ഇടം നേടിയ നീര്‍ത്തുള്ളികളില്‍ ഇപ്പോള്‍ അവള്‍ക്കു അവളെ തന്നെ കാണാം.


വര : ദിലീപ്
http://www.facebook.com/dileeptkpr

(എന്റെ സുഹൃത്ത് ദിലീപിന്റെ പ്രചോദനത്തില്‍ ഞാന്‍ എഴുതിയ എന്റെ ആദ്യ കഥ . ഇത് തികച്ചും ഒരു കാല്‍പനിക കഥയാണ്‌. ഇതിലെ കഥാപാത്രം രണ്ടാമത്തെ ചിത്രത്തില്‍ കാണുന്ന പെണ്‍ക്കുട്ടിയാണ് . കഥയുടെ പേരും ദിലീപിന്റെ സംഭാവന ആണ്. എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി..ദിലീപിന് പ്രത്യേകം നന്ദി .)

Sunday, 10 October, 2010

ഉണ്ണി

അലസമായി  കിടക്കുന്ന  മുടിയിഴകള്‍, നെറ്റിയെ  കീഴടക്കി  ..
തിളക്കമാര്‍ന്ന   കണ്ണുകള്‍ ..
മിനുസമാര്‍ന്ന    കവിള്‍ത്തടം ..
അവന്‍ മോണക്കാട്ടി   ചിരിക്കുന്നു  ..
എന്റെ  സ്വപ്നങ്ങളില്‍  അവന്‍  തനിയാവര്‍ത്തനമായി ..
അവസാനം  കണ്ടപ്പോള്‍  അവനു  കുഞ്ഞരിപല്ലു  മുളച്ചീരുന്നു..
എപ്പോഴും  ചിരിക്കാരുണ്ടായിരുന്ന   അവന്‍  പക്ഷെ  അന്ന്  വാവിട്ടു  കരഞ്ഞു 
അവന്‍  ആരാണ് ....?
ജനിക്കാതെ  പോയ എന്റെ കൂടപ്പിറപ്പോ ..!
അതോ  എനിക്കു  ജനിക്കാന്‍  പോവുന്ന   മകനോ...? 
അവന്‍  എന്നിലെ  മാതൃത്വത്തെ   വിളിച്ചുണര്‍ത്തുന്നു ... ..
അവന്‍  യഥാര്‍ത്ഥത്തില്‍  എന്റെ  ആരാണ് ..??
അല്ലെങ്കില്‍ 
അവന്‍  എന്റെ  ആരായിരുന്നു ....?